ഇന്ത്യയുടെ ‘പറക്കും സിംഗ്’ ഇനി ഓർമ്മ

0
29

ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസ്സായിരുന്നു.കൊവിഡ് ബാധിതനായതിനെത്തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൊവിഡ് ഭേദമായി ആശുപത്രി വിട്ടെങ്കിലും ഓക്‌സിജന്‍ നില കുറഞ്ഞു വന്നതോടെ ചണ്ഡീഗഡിലെ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില അനുദിനം വഷളായി കൊണ്ടിരുന്നു.ഭാര്യ നിര്‍മല്‍ കൗര്‍ കൊവിഡിന് കീഴടങ്ങി അഞ്ചാം ദിവസമാണ് മില്‍ഖാ സിംഗിന്റെ മരണം. കഴിഞ്ഞ മെയ് ഇരുപതിനാണ് രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. ബുധനാഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ മില്‍ഖ നെഗറ്റീവ് ആയിരുന്നു. എന്നാല്‍, ഓക്‌സിജന്‍ നില അപകടകരമാം വിധം താഴ്ന്നിരുന്നു.

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റായ മിൽഖ സിംഗ്,പറക്കും സിഖ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1956 മെല്‍ബണ്‍ ഒളിമ്പിക്‌സ്, 1960 റോം ഒളിമ്പിക്‌സ്, 1964 ടോക്യോ ഒളിമ്പിക്‌സ് എന്നിവയില്‍ മില്‍ഖ മത്സരിച്ചു. ഇതില്‍, റോം ഒളിമ്പിക്‌സില്‍ മില്‍ഖ ചരിത്രം സൃഷ്ടിച്ച് നാലാം സ്ഥാനം നേടി. 0.1 സെക്കന്‍ഡിന്റെ വ്യത്യാസത്തിനായിരുന്നു വെങ്കല മെഡല്‍ നഷ്ടമായത്.

1958 ദേശീയ ഗെയിംസില്‍ 200, 400 മീറ്ററുകളില്‍ സ്വര്‍ണം നേടിയ മില്‍ഖ ആ വര്‍ഷം ഏഷ്യാഡിലും സ്വര്‍ണം നേടി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാഡില്‍ വീണ്ടും സ്വര്‍ണക്കുതിപ്പ് നടത്തി വിസ്മയിപ്പിച്ചു. 1959 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ ഇന്ത്യന്‍ വോളി ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു.