കുവൈറ്റ് സിറ്റി : റേഷൻ കാർഡ് ഉടമകൾക്ക് നൽകിയ അരിയുടെ അളവിൽ കുറവ് ഉണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാണിജ്യ വ്യവസായ മന്ത്രാലയം അന്വേഷണം തുടങ്ങി. അളവിൽ കുറവ് കാണിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പിന് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. വീഡിയോയിൽ കാണുന്നത് ശരിയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. ചാക്കിന് പുറത്ത് എഴുതിയതിന്റെ അത്രേ അളവിൽ അരിയുണ്ടായിരുന്നില്ലെന്നാണ് വൈറൽ വീഡിയോയുടെ അവകാശവാദം. റേഷൻ ബ്രാഞ്ചുകൾ വഴി പൗരൻമാർക്ക് ചാക്കിനനുസരിച്ചല്ല, കിലോഗ്രാo അടിസ്ഥാനത്തിലാണ് അരി നൽകുന്നതെന്നും കുറിപ്പിൽ പറയുന്നുണ്ട്.
വൈറൽ വീഡിയോയുടെ ഉടമസ്ഥൻ എത്രയും വേഗം ഔദ്യോഗിക ചാനൽ വഴി പരാതി രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ലഭിക്കുന്ന ഭക്ഷ്യ ധാന്യത്തിന്റെ അളവിൽ പരാതികൾ ഉണ്ടെങ്കിൽ 135 എന്ന ഹോട്ട് ലൈൻ നമ്പരിൽ ബന്ധപ്പെടുകയോ, അടുത്തുള്ള കോമേഴ്സ്യൽ കൺട്രോൾ സെന്ററിനെ സമീപിക്കുന്നതിനോ പൗരൻമാർ വിമുഖത കാണിക്കരുത്.
റേഷൻ വിതരണത്തിന് വേണ്ടി കുവൈറ്റ് കേറ്ററിംങ്ങ് കമ്പനിയിൽ ഭക്ഷ്യ വസ്തുക്കൾ എത്തുന്നത് മുതൽ റേഷൻ കാർഡ് ഉടമകൾക്ക് നൽകാൻ ബ്രാഞ്ചുകളിൽ എത്തുന്നത് വരെയുള്ള മേൽനോട്ടം മന്ത്രാലയം നടത്തുന്നുണ്ട്. അതിന് ശേഷം ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം പൗരൻമാർക്കാണെന്നും മന്ത്രാലയം വ്യക്തമാക്കി.