ജെഎൻയു സന്ദർശനം: ദീപികയ്ക്കെതിരെ സമ്മിശ്ര പ്രതികരണം

deepika

മുംബൈ: ജെഎൻയുവിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിൽ പങ്കു ചേർന്ന ബോളിവുഡ് താരം ദീപിക പദുകോണിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖർ. മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ ദിവസങ്ങൾക്ക് മുമ്പാണ് ജെഎൻയുവിൽ ക്രൂരമായി അതിക്രമം അഴിച്ചു വിട്ടത്. മാരകായുധങ്ങളുമായി യൂണിവേഴ്സിറ്റിക്കുള്ളിൽ കടന്നു കയറിയ ഇവർ അധ്യാപകരെയും വെറുതെ വിട്ടില്ല. ജെഎന്‍യുവിലുണ്ടായ അതിക്രമം രാജ്യവ്യാപക പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്.

സെലിബ്രിറ്റി താരങ്ങൾ അടക്കം അക്രമത്തെ അപലപിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. എന്നാൽ സംഭവത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരിട്ടെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോളിവുഡ് താരം ദീപിക ഞെട്ടിച്ചത്. താരത്തിന്റെ ഈ നിലപാടിന് വൻപിന്തുണയാണ് ലഭിച്ചത്. സംവിധായകൻ അനുരാഗ് കശ്യപും പ്രകാശ് രാജും അടക്കമുളളവർ ദീപികയെ പിന്തുണച്ചെത്തി.

എന്നാൽ താരത്തിനെതിരെയും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ദീപികയുടെ പുതിയ ചിത്രമായ ‘ഛപ്പക്’ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ചില വലതുപക്ഷ സംഘടനകൾ ക്യാംപെയ്നും ആരംഭിച്ചിരുന്നു. പുതിയ ചിത്രത്തിന് പ്രൊമോഷന് കിട്ടാൻ വേണ്ടിയാണ് ദീപിക ജെഎൻയുവിൽ എത്തിയതെന്ന് വിമർശിക്കുന്നവരും കുറവല്ല. ബഹിഷ്കരണ ആഹ്വാനം വന്നതിന് പിന്നാലെ തന്നെ ദീപികയെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.