കുവൈത്ത് സിറ്റി: കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽനിന്നും സാധനങ്ങൾ വാങ്ങുന്നതിന് മുൻകൂട്ടി അപ്പോയിമെൻ്റ് ബുക്ക് ചെയ്യുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം വെബ്‌സൈറ്റ് ആരംഭിച്ചു, ഇതുവഴി എല്ലാവർക്കും അവരവരുടെ പ്രദേശത്തെ സഹകരണ സംഘങ്ങളിൽ പ്രത്യേക തീയതികളിലും സമയങ്ങളിലും ഷോപ്പിംഗ് നടത്തുവാനാവും .എല്ലാ ദിവസവും വൈകുന്നേരം 5 മണിക്കും രാത്രി 10 മണിക്കും ഇടയിലാണ് ഷോപ്പിങ്ങിന് സമയം അനുവദിക്കുക
അപ്പോയിമെൻ്റ് ബുക്ക് ചെയ്യുന്നതിനായി, ഉപഭോക്താക്കൾ അവരുടെ സിവിൽ ഐഡി നമ്പർ, സിവിൽ സീരിയൽ നമ്പർ, സെൽ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകണം. ഷോപ്പിംഗ് നടത്തേണ്ട സ്ഥലവും ലഭ്യമായ സമയ സ്ലോട്ടുകളിൽ നിന്ന് ഉചിതമായ സമയവും തിരഞ്ഞെടുക്കേണ്ടതുണ്ട്. https://www.moci.shop/Associations/ എന്ന സൈറ്റിൽ ഷോപ്പിങ്ങിന് വേണ്ടി അപ്പോയിമെൻ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഒത്തുചേരലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഷോപ്പിംഗ് റിസർവേഷൻ സംവിധാനം.