നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സിനേഷന് സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും വാക്സിൻ സർട്ടിഫിക്കറ്റിൽ മാറ്റം വരിക. വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്ര മോദിയുടെ പേരും ചിത്രവും ഒഴിവാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിൻ ആപ്പ് പ്ലാറ്റ്ഫോമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.നേരത്തെയും വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നപ്പോൾ വാക്സിൻ സർട്ടിഫിക്കറ്റിൽ സമാനമായ മാറ്റങ്ങൾ വരുത്തിയിരുന്നു.