അധ്യാപകരും സ്കൂൾ ജീവനക്കാരും ഉൾപ്പടെ 1 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ നൽകാൻ നടപടികൾ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിൽ ആകുന്നതിനു മുമ്പായി എല്ലാ വിദ്യാഭ്യാസ ഡിസ്ട്രിക്ട്കളിലെയും സ്കൂളുകളിലെ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഇതിൻറെ ഭാഗമായി എല്ലാ സ്കൂളുകളിലെയും അധ്യാപകരും മറ്റ് ജീവനക്കാരും ഉൾപ്പെടെ 100,000 പേരുടെ വിവരങ്ങളടങ്ങിയ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കുകയും ആരോഗ്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയ സംയുക്ത സമിതി തീരുമാനം അനുസരിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ഫൈസൽ മക്സിദ്, ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിക്ക് സ്കൂളുകളിലെ വിദ്യാഭ്യാസ, ഭരണ വിഭാഗങ്ങളിലെ ജീവനക്കാരുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് നൽകിയത്.