ഗണേഷ് കുമാറിന് വേണ്ടി വോട്ട് ചോദിച്ച് ലാലേട്ടൻ

തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും നടനുമായ കെബി ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാല്‍. ഗണേഷ് കുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടുളള വീഡിയോ ആണ് മോഹന്‍ലാലിന്റെത്.

മറ്റുള്ളവരെ കേൾക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടായിരിക്കേണ്ട അത്യാവശ്യ ഗുണം. മറ്റുള്ളവർ ദുഃഖം തീർക്കാനും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിന് ഉള്ളതെന്ന് മോഹൻലാൽ വീഡിയോയിൽ പറയുന്നു.

“പത്തനാപുരത്തെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളിൽ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്. പുതിയ വികസന സ്വപ്നങ്ങളും ആശയങ്ങളും പങ്കുവയ്ക്കുമ്പോൾ അഭിനയത്തേക്കാൾ ഉപരി പത്തനാപുരത്തോടുള്ള വലിയ അഭിനിവേശം ഞങ്ങൾ കാണാറുണ്ട്.

ഗണേഷിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം. നിങ്ങൾ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതിൽ ഗണേഷ്കുമാറിന്റെ സംഭാവന എന്നേക്കാൾ നിങ്ങൾക്ക് നന്നായി അറിയാം. പ്രിയ സഹോദരൻ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങൾ പൂർത്തീകരിക്കുവാൻ നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം.മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്”- മോഹൻലാല്‍ പറഞ്ഞു

മോഹന്‍ലാല്‍ പ്രസിഡണ്ടായ താരസംഘടന അമ്മയുടെ ഭാരവാഹി കൂടിയാണ് ഗണേഷ്. പത്തനാപുരത്ത് ഗണേഷ് കുമാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്നും വികസനമാണ് നമുക്ക് ആവശ്യമെന്നത് മറക്കരുതെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.നേരത്തെയും തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിന് വോട്ട് അഭ്യർത്ഥിച്ച് മോഹൻലാൽ രംഗത്ത് വന്നിട്ടുണ്ട്. പത്തനാപുരത്ത് പ്രചാരണത്തിനും മോഹൻലാൽ എത്തിയിരുന്നു.