കുവൈറ്റ് സിറ്റി: ഐ സി എഫ് കുവൈറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് മഹാ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കുന്ന കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി കുവൈറ്റിൽ എത്തി. ഐ സി എഫ് , ആർ എസ് സി, കെ സി എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് സി ഫൈസിയെ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.
ഒക്ടോബർ ആറ് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലാണ് മീലാദ് മഹാ സമ്മേളനം നടക്കുക. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന സമ്മേളനം രാത്രി 10 മണി വരെ നീണ്ടു നിൽക്കും.
അറബ്, മലയാളം, ഉർദു ഭാഷകളിൽ വിവിധ രാജ്യക്കാരായ സംഘങ്ങൾ അവതരിപ്പിക്കുന്ന മദ്ഹ് ഗാനങ്ങളും നഅതുകളും പ്രവാചക കീർത്തന കാവ്യങ്ങളും സമ്മേളനത്തിന്റെ പ്രധാന പരിപാടിയായിരിക്കും. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐ സി എഫ് മദ്രസ്സകളിലെ വിദ്യാർത്ഥികളുടെ ദഫ് പരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും.
കാരന്തൂർ മർകസ് ഡയറക്ടർ ജനറലും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. അറബ് പണ്ഡിതരായ ശെയ്ഖ് മഹ്‌മൂദ് അബ്ദുൽ ബാരി, ശെയ്ഖ് അബ്ദുൽ റസ്സാഖ് അൽ കമാലി, ഡോക്ടർ അഹ്മദ് അൽ നിസഫ്, ഷൈഖ് സാലിഹ് അൽ രിഫാഈ, സയ്യിദ് ഔസ് ഈസാ ഷഹീൻ തുടങ്ങിയവരും സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളും സംബന്ധിക്കും.
കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സമ്മേളനത്തിലേക്ക് വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.