വ്യാജ പി സി ആർ സർട്ടിഫിക്കറ്റ് വില്പന; ഇന്ത്യൻ വംശജനായ ലാബ് ടെക്നിഷ്യൻ അറസ്റ്റിൽ

0
20

കുവൈത്ത് സിറ്റി: വ്യാജ പി സി ആർ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു വിറ്റ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ഫർവാനിയയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിലെ ലാബ് ടെക്നീഷ്യൻ ആണ് അറസ്റ്റിലായത്. 51 വയസ്സുകാരനായ ഇയാൾ പരിശോധന നടത്താതെയാണ് ആവശ്യക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിയിരുന്നത്. ഒരു സർട്ടിഫിക്കറ്റിന് 32 ദിനാർ വച്ചാണ് ഈടാക്കിയിരുന്നത്, ഇതിൽ ആറ് ദിനാർ ഇയാൾക്കുള്ള കമ്മീഷനും ബാക്കി 24 ദിനാർ ക്ലിനിക്കിനുമാണ്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അഹമ്മദി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ 60-ഓളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. സ്വകാര്യ ആവശ്യങ്ങൾക്കായി ചിലർക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന സർട്ടിഫിക്കറ്റും നിർമ്മിച്ചു നൽകിയതായി ഇയാളുടെ മൊഴിയിലുണ്ട്. താൻ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിയവരുടെ വിവരം ഇയാൾ പോലീസിന് കൈമാറി, ഇവരിൽ ഭൂരിഭാഗവും കുവൈത്തിന് പുറത്താണ് നിലവിലുള്ളതെന്നും ഇവർ തിരിച്ചുവരുന്ന മുറക്ക് ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായ വ്യക്തിയുടെ മൊബൈൽ പരിശോധിച്ചുവരികയാണെന്നും ഇതിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു