കുവൈത്ത് സിറ്റി: ഈ വരുന്ന ബുധനാഴ്ച മുതൽ റെസ്റ്റാറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല, റെസ്റ്റാറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി റദ്ദാക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഫെബ്രുവരി 24 മുതൽ ഇത് പ്രാബല്യത്തിൽ വരും.
തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹോട്ടലുകൾക്കു പുറമേ ഷോപ്പിങ് മാളുകൾക്കുള്ളിലെ റെസ്റ്റാറൻറുകൾക്കും കഫെകൾക്കും പുതിയ ഉത്തരവ് ബാധകമാണ്.നിലവിൽ രാത്രി എട്ടുമണി വരെ വരെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടായിരുന്നു . അതിനുശേഷം പാഴ്സൽ സൗകര്യമാണ് ഏർപ്പെടുത്തിയിരുന്നത്.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ദേശീയ ദിനാഘോഷ അവധിദിനങ്ങളിൽ കൂടുതൽ പേർ ഹോട്ടലുകളിൽ ഒത്തുകൂടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉത്തരവ്. രാജ്യത്ത് കർഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചില്ല.