കുവൈത്ത് സിറ്റി : ട്രാവൽ ആപ്പുകളായ “കുവൈത്ത് മൊസഫർ”, “ഇമ്മ്യൂണിറ്റി” എന്നിവയിലും രാജ്യത്തിന് പുറത്തുനിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത് അംഗീകാരം ലഭിക്കാനും സാങ്കേതിക പ്രശ്നങ്ങൾ വിലങ്ങുതടിയാകുന്നതായി ആരോപണം. ഈ സൈറ്റുകൾ ഉപയോഗിക്കുമ്പോൾ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിൽ പലർക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായും ചിലത് ശരിയായി പ്രവർത്തിക്കാത്തത് മൂലം പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിൽ ആകുന്നതായും അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ആപ്പുകളിൽ ഗൾഫ് പൗരന്മാർ രജിസ്റ്റർ ചെയ്യുന്നതിന് സിവിൽ ഐഡി നമ്പർ നൽകണമെന്ന നിബന്ധന പലരെയും രാജ്യം സന്ദർശിക്കുന്നതിൽ നിന്ന് തടയുന്നതായി റിപ്പോർട്ടിൽ പറയുന്നു. “കുവൈത്ത് മൊസഫർ” ആപ്പിലെ കാര്യവും വ്യത്യസ്തമല്ല, കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് രാജ്യത്തിന് പുറത്തു വച്ച് ആപ്പിൽ കയറി രജിസ്റ്റർ ചെയ്യാൻ കാലതാമസമുണ്ടാകുന്നതായും ചിലർക്ക് ഒട്ടും സാധിക്കാത്തതായും ഇതുവഴി ഫ്ലൈറ്റ് നഷ്ടപ്പെട്ടതായും പലരും പരാതി ഉന്നയിച്ചതായി പത്രം റിപ്പോർട്ടിൽ പറയുന്നു.