യുപിയിൽ നൂറു വർഷം പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു

0
37

ലഖ്‌നൗ: അനധികൃത നിർമ്മാണം എന്ന് കാണിച്ചു ഉത്തര്‍പ്രദേശില്‍ നൂറ് വര്‍ഷം പഴക്കമുള്ള മുസ്‌ലിം പള്ളി പൊളിച്ചുമാറ്റി. യു പിിയിലെ ബര്‍ബാങ്കി ജില്ലയിലെ രാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്. മെയ് 31 വരെ പള്ളി പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇത്.

കഴിഞ്ഞ മാര്‍ച്ച് 15 നാണ് പള്ളി അനധികൃത നിര്‍മ്മാണമാണെന്ന് കാണിച്ച് ജില്ലാ ഭരണകൂടം പള്ളിക്കമ്മറ്റിക്ക് നോട്ടീസ്  അയച്ചത്. 1956 മുതല്‍ പള്ളിക്ക് വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നും നിര്‍മ്മാണം അനധികൃതമല്ലെന്നും പള്ളിക്കമ്മറ്റി മറുപടി നല്‍കിയിരുന്നു. എന്നാല്‍, ജില്ലാ ഭരണകൂടം ഇത് നിരാകരിച്ചു. തുടര്‍ന്ന് മാര്‍ച്ച് 19ന് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് മേയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ പൊളിക്കുകയോ ചെയ്യരുതെന്ന് ഏപ്രില്‍ 24ന് ഹൈകോടതി ഉത്തരവിടുകയും ചെയ്തു .

നൂറോളം വർഷം പഴക്കമുള്ള പള്ളിയിൽ നിരവധി പേരാണ് പ്രാർത്ഥന നമസ്കാരങ്ങൾക്ക് എത്തിയിരുന്നു എന്ന് പള്ളി കമ്മിറ്റിയിലുള്ള മൗലാന അബ്ദുള്‍ മുസ്തഫ പറഞ്ഞു. അതേസമയം അവിടെ ഒരു പള്ളി ഉള്ളതായി അറിയില്ലെന്നും മറിച്ച് ഒരു നിയമവിരുദ്ധ  നിർമ്മാണം ഉള്ളതായി മാത്രം അറിയാമെന്നും ജില്ലാ മജിസ്ട്രേറ്റ് ആദർശ് സിംഗ് പറഞ്ഞു.അതുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹ്‌മദ് ഫാറൂഖി ശക്തമായി അപലപിച്ചു. പള്ളി പൊളിച്ചുമാറ്റിയത് നിയമ വിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും ഏപ്രില്‍ 24 ന് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവിനെ ലംഘനമാണെന്നും പള്ളി പുന:സ്ഥാപിക്കുന്നതിനായി ബോര്‍ഡ് ഉടന്‍ തന്നെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.