മുജാഹിദ് സമ്മേളന പ്രചാരണോദ്ഘാടനം – ഫലസ്തിനികളെ വേട്ടയാടുന്നത് നോക്കി നില്കാവതല്ല – ഐ.ഐ.സി

0
31
കുവൈത്ത് സിറ്റി :  ജനിച്ച മണ്ണിൽ ജീവിക്കാനായി ജീവൻ മരണ പോരാട്ടം നടത്തുന്ന ഫലസ്തീൻ ജനതയെ നിഷ്കരുണം കൊന്നൊടുക്കുന്ന ഇസ്രയേൽ ഭീകരതക്കെതിരെ മൗനം വെടിഞ്ഞ് ശക്തമായ പ്രതികരണമുയരണമെന്ന് ഇന്ത്യഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ സാൽമിയയിൽ സംഘടിപ്പിച്ച മുജാഹിദ് സമ്മേളന കുവൈത്ത് തല  പ്രചാരണോദ്ഘാടനം അഭിപ്രായപ്പെട്ടു. ആഗോള യുദ്ധ നിയമങ്ങൾ ലംഘിച്ച് ഫലസ്തീനിൽ കുടിയേറി പിഞ്ച്യ കുഞ്ഞുങ്ങളെയും സ്തീകളെയുമടക്കം കൊന്നൊടുക്കുന്ന ഇസ്രയേൽ ഭീകരതക്കെതിരെ അറബ് രാഷ്ട്രങ്ങൾ ഐക്യപ്പെടണം. സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാക്കാൻ യു.എൻ ബാധ്യത നിർവഹിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ  “വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി മുഖ്യ പ്രഭാഷണം നടത്തി. വര്‍ഗീയതയും പ്രതിവര്‍ഗീയതയും മാനവികതയുടെ ശത്രുക്കളാണെന്ന് ജാബിർ അമാനി പറഞ്ഞു. ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവുകള്‍ തീവ്രവാദ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇല്ല.വര്‍ഗീയതക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവനും സഹായിക്കുന്നവനും മൗനം പാലിക്കുന്നവന്‍ പോലും മുസ്‌ലിമായി പരിഗണിക്കപ്പെടുന്നില്ല.ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിനെ കൊല്ലുന്നത് മത്സ്യ മാംസാദികള്‍ ഭക്ഷിക്കുന്നതുപോലെ നിസാരമാണെന്ന് വ്യാഖ്യാനിക്കുന്ന ഫെമിനിസവും ലിബറലിസവും ഇണജീവിതത്തിന്റെ മാനദണ്ഡം കുടുംബവും വിവാഹവുമല്ലെന്നും മാതാവിന് മകനോടും പിതാവിന് മകളോടും ശരീര സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പരസ്പര സമ്മതം മാത്രം മതിയെന്നും സിദ്ധാന്തിക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സും അവയ്ക്ക് കുടപിടിച്ചുകൊടുക്കുന്ന ഭൗതികവാദികളും മനുഷ്യനെയാണ് മറക്കുന്നത്. മാനവികതയാണ് ചവിട്ടിമെതിക്കുന്നത്. ജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും പ്രകാശം പരത്തേണ്ട അറിവിന്‍ നഗരങ്ങള്‍, പക്ഷേ, ആത്മീയ വാണിഭത്തിന്റെ കോട്ട കൊത്തളങ്ങള്‍കൊണ്ട് കോര്‍പറേറ്റ്‌ലോകം തീര്‍ക്കുകയാണെന്ന് ജാബിർ അമാനി വിശദീകരിച്ചു.
കുവൈത്ത് തല പ്രചരണോദ്ഘാടനം സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈ ഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസി നിർവ്വഹിച്ചു. ഐ.ഐസി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), ഫിറോസ് (കെ.ഐ.ജി), അബ്ദുറഹിമാൻ (അൽ അൻസാരി), സഫാസ് അഹ് മദ് (ലുലു എക്സേഞ്ച്), ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽസ്), ഷാനിബ് പേരാമ്പ്ര (ഐ.ഐ.സി)  എന്നിവർ സംബന്ധിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സ്വാഗതവും ട്രഷറർ അനസ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഹാഷിൽ യൂനുസ് ഖിറാഅത്ത് നടത്തി.