ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഇന്ന് രാവിലെ 7.30 ന് തുറന്നു. 3 ,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം തുറന്നത്. ജലം ആദ്യം ഒഴുകിയെത്തുക വള്ളക്കടവിലാണ്. മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 0.25 അടി മാത്രമേ ഉയരുകയുള്ളു. എന്നാൽ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കേണ്ട സാഹചര്യമുണ്ടാകും. അതിനാൽ ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ പെരിയാർ തീരത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
മേഖലയിലെ നിരവധി കുടുംബങ്ങളെ രണ്ട് ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. റവന്യൂമന്ത്രി കെ. രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഇപ്പോൾ 138.75 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളം മാത്രമെ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു.