ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിച്ച് ജനങ്ങൾ കൂട്ടം കൂടുന്നത് തടയുവാൻ മുൻസിപ്പാലിറ്റി പരിശോധന കർശനമാക്കുന്നു

കുവൈത്ത് സിറ്റി: ജനങ്ങൾ ഒത്തുകൂടി കൊണ്ടുള്ള കല്യാണം ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ കുവൈത്തിൽ കൊറോണ വ്യാപനത്തിന് കാരണമായി എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതിനു പിന്നാലെ കുവൈത്ത് മുനിസിപ്പാലിറ്റി സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിൻ്റെ ഉത്തരവനുസരിച്ച് മുനിസിപ്പാലിറ്റി അധികൃതർ വിവാഹ ഹാളുകളിലും, പരിപാടികൾ നടത്തുന്ന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അറിയിച്ചു. വീടുകൾക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ടെൻ്റുകൾ നീക്കം ചെയ്യുമെന്ന് മുൻസിപ്പാലിറ്റി വക്താവ് മുഹമ്മദ് അൽ മുത്തൈരി വ്യക്തമാക്കി.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ എല്ലാ ഗവർണറേറ്റ്കളിലും പ്രത്യേകം സംഘങ്ങളെ നിയോഗിച്ചതായും, ജനങ്ങൾ കൂട്ടം കൂടുന്ന പരിപാടികൾ നിരീക്ഷിക്കാൻ നിർദേശം നൽകിയതായും മുനിസിപ്പാലിറ്റി വക്താവ് അറിയിച്ചു. രാജ്യത്തെ ഏവരുടെയും സുരക്ഷയ്ക്ക് വേണ്ടി ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും എന്നും അദ്ദേഹം അഭ്യർത്ഥിച്ചു