കുവൈത്ത് സിറ്റി: അതിതീവ്ര വ്യാപന ശേഷിയുള്ള പുതിയ ഇനം കൊറോണവൈറസ് കുവൈത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. രാജ്യത്ത് കോവ്ഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൻറെ ഭാഗമായി വിദേശത്തുനിന്ന് വരുന്നവർക്ക് ക്വാറന്റൈനിൽ ഇളവ് അനുവദിക്കാനുള്ള തീരുമാനം പിൻവലിച്ചു. വിദേശരാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് വരുന്നവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കിയതായി അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും സുപ്രധാനമാണ് വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് ഏർപ്പെടുത്തുന്ന ക്വാറന്റൈൻ. പ്രത്യേകിച്ചും അപകടസാധ്യത ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക്. അതുകൊണ്ട് തന്നെ ഇതിൽ ഇളവ് അനുവദിയ്ക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.കുവൈത്തിലേക്ക് വരുന്നവർ കൊവിഡ് ബാധിതൻ അല്ലെന്ന് തെളിയിക്കുന്നതിന് പിസിആർ നെഗറ്റീവ് പരിശോധന റിസൾട്ട് കയ്യിൽ കരുതണം. കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ ഉടൻ യാത്രക്കാരെ പിസിആർ പരിശോധനയ്ക്ക് വിധേയരാകും. ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാധ സ്വീകരിക്കുന്നതിനായി യാത്രക്കാരെ ജനിതക പരിശോധനയ്ക്ക് വിധേയരാക്കുമെന്നും റിപ്പോർട്ടിലുണ്ട്