കുവൈത്ത് സിറ്റി: MY KUWAIT ID ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്ന് ലെവലുകൾ അവതരിപ്പിച്ചു. മീഡിയം, ഹൈ, വെരിഫൈഡ് എന്നിങ്ങനെയാണവ. ഓരോ ലെവലും വ്യത്യസ്‌ത സുരക്ഷാ, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വ്യക്തിഗത ഡാറ്റ സ്വമേധയാ നൽകി രജിസ്റ്റർ ചെയ്യുന്നതാണ് മീഡിയം ലെവലിൽ ഉൾപ്പെടുന്നത്. ഈ ലെവൽ ഉപയോക്താക്കൾക്ക് അടിസ്ഥാന സർവിസ് വാഗ്ദാനം ചെയ്യുന്നു. സിവിൽ ഐ.ഡി, കാർഡ് പരിശോധന, സർക്കാർ രേഖകളുടെ പോർട്ട്ഫോളിയോ എന്നിവയാണ് ഇതിൽ ലഭ്യമായ സവിശേഷതകൾ. ഹൈ ലെവലാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രീതി. കൂടാതെ NFC (നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ സിവിൽ ഐഡി സ്കാൻ ചെയ്യേണ്ടതുമുണ്ട്. സിവിൽ ഐ.ഡി, സർക്കാർ രേഖകളുടെ പോർട്ട്ഫോളിയോ, കാർഡ് പരിശോധന, പ്രാമാണീകരണ സവിശേഷത എന്നിവയാണ് ഇതിൽ ലഭ്യമായ സവിശേഷതകൾ. വെരിഫൈഡ് ലെവൽ ഉയർന്ന തലത്തിലുള്ള സുരക്ഷയ്ക്കും വിപുലമായ ഫീച്ചറുകളിലേക്കുള്ള ആക്‌സസും വാഗ്ദാനം ചെയ്യുന്നു. ഏത് ഉപകരണത്തിൽ നിന്നുമുള്ള സെൽഫ് സർവിസ് രജിസ്ട്രേഷനാണ് മറ്റൊരു പ്രത്യേകത. സിവിൽ ഐ.ഡി, കാർഡ് പരിശോധന, സർക്കാർ രേഖകളുടെ പോർട്ട്ഫോളിയോ, പ്രാമാണീകരണ സവിശേഷത, ഇലക്ട്രോണിക് സിഗ്നേച്ചർ എന്നിവയാണ് ഇതിൽ ലഭ്യമായ സവിശേഷതകൾ.