NAFO ഗ്ലോബൽ കുവൈറ്റ് 20-ാം വാർഷികം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

0
37

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കുവൈറ്റിലെ സാമൂഹിക സേവനത്തിൻ്റെയും സാംസ്കാരിക ഐക്യത്തിൻ്റെയും പ്രതീകമായ NAFO ഗ്ലോബൽ കുവൈറ്റ് 20-ാം വാർഷിക പരിപാടിയായ “മേഘം”, മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ ഒന്നാം തീയതി അതിഗംഭീരമായി ആഘോഷിച്ചു. പ്രശസ്ത പിന്നണി ഗായകനും സംഗീതസംവിധായകനുമായ ജോബ് കുര്യൻ്റെയും പ്രശസ്ത പിന്നണി ഗായിക അനില രാജീവിൻ്റെയും മിന്നുന്ന സംഗീത പ്രകടനമായിരുന്നു സായാഹ്നത്തിൻ്റെ പ്രത്യേകത. 1200-ലധികം ആളുകൾക്ക് അവിസ്മരണീയമായ ഒരു അനുഭവം സൃഷ്ടിച്ചുകൊണ്ട് അവരുടെ മധുര സ്വരവും ആകർഷകമായ സ്റ്റേജ് സാന്നിധ്യവും സദസ്സിനെ ആകർഷിച്ചു. ഈ ഗംഭീരമായ തത്സമയ സംഗീതനിശ മുഴുവൻ ആഘോഷത്തിനും പ്രത്യേക മിഴിവേകി. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി NAFO ഗ്ലോബൽ കുവൈറ്റ് നാല് പ്രമുഖ വ്യക്തികളെ NAFO ഗ്ലോബൽ Business Awards 2024 നൽകി ആദരിച്ചു. സംരംഭകത്വ അവാർഡ് റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപാടത്ത്, AQ ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ എന്നിവരെ അവരുടെ വൈവിധ്യങ്ങളായ വ്യവസായത്തിനും നേതൃത്വ മികവിനുമായി അവാർഡ് നൽകി ആദരിച്ചു. വ്യവസായ മേഖലയിലെ കോർപ്പറേറ്റ് മികവിന് നൽകിയ അസാധാരണ സംഭാവനകൾക്ക് ജസീറ എയർവേയ്സിലെ ഡെപ്യൂട്ടി സിഇഒയും സിഎഫ്ഒയുമായ കൃഷ്ണൻ ബാലകൃഷ്ണനും അൽ റഷീദ് ഗ്രൂപ്പിലെ സിഎഫ്ഒ പ്രദീപ് മേനോനും കോർപ്പറേറ്റ് ഐക്കൺ അവാർഡിന് അർഹരായി.

വൈദ്യുതി ജല മന്ത്രാലയത്തിലെ ഉപദേഷ്ടാവും കുവൈറ്റ് മുനിസിപ്പാലിറ്റി അംഗവുമായ ഫഹദ് അൽ അറാദിയായിരുന്നു പരിപാടിയുടെ വിശിഷ്ടാതിഥി. സാംസ്കാരിക സമ്മേളനത്തിന്റെയും സംഗീതനിശയുടെയും തുടക്കം ഭദ്രദീപം തെളിച്ച് ഫഹദ് അൽ അറാദി ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ രാജകുടുംബാംഗമായ ഷൈഖ ഇൻതിസാർ അൽ മുഹമ്മദ് അൽ സബാഹിൻ്റെ ആശംസ സഹപ്രവർത്തകനായ ബദർ ബരാക്കിലൂടെ തദവസരത്തിൽ അറിയിക്കുകയുണ്ടായി.

നാഫോ ഗ്ലോബൽ കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് നവീൻ സി പി നഫോ ഗ്ലോബലിന്റെ സാമുഖ്യപ്രതിബദ്ധതയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണമധ്യേ പരാമർശിക്കുകയുണ്ടായി. നാഫോ അഡൈ്വസറി ബോർഡ് ചീഫ് വിജയൻ നായർ, ട്രഷറർ ഉണ്ണിക്കൃഷ്ണ കുറുപ്പ്, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ സുനിത വിജയകൃഷ്ണൻ എന്നിവരെയും ആഘോഷത്തിലേക്ക് സ്വാഗതം ചെയ്തു. NAFO യുടെ സ്പോൺസർമാരുടെയും അർപ്പണബോധമുള്ള അംഗങ്ങളുടെയും വിലമതിക്കാനാകാത്ത പിന്തുണക്ക് പ്രോഗ്രാം കൺവീനർ രാകേഷ് ഉണ്ണിത്താൻ നന്ദി പ്രകാശിപ്പിച്ചതോടെ ചടങ്ങുകൾക്കു സമാപനമായി. നാഫോയുടെ 20 വർഷത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു സ്മരണിക മറ്റ് സ്പോൺസർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഫീനിക്സ് ഗ്രൂപ്പിൻ്റെ സിഒഒ നിഷാ സുനിൽ പ്രകാശനം ചെയ്തു. സമൂഹത്തിൽ കഷ്ട്ടതയനുഭവിക്കുന്ന നിർഭാഗ്യവാന്മാർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്ന നാഫോയുടെ ക്ഷേമ സംരംഭമായ നഫോ ഗ്ലോബൽ സ്നേഹസ്പർശം പദ്ധതി വാർഷിക പരിപാടിയിൽ ശ്രദ്ധേയമായി. നഫോ ഗ്ലോബൽ സ്നേഹ സ്പർശത്തിൻ്റെ മാനുഷിക സഹായത്തിലും വിദ്യാഭ്യാസത്തിലും സ്വാധീനം ചെലുത്തുന്ന 20 പ്രോജക്റ്റുകളെക്കുറിച്ചുള്ള അറിവ് ഒരു വിഷ്വൽ അവതരണത്തിലൂടെ ചടങ്ങിൽ പങ്കെടുത്തവർക്ക് അവതരിപ്പിക്കുകയുണ്ടായി. ഈ സംരംഭങ്ങളിലെ സമർപ്പണത്തിനും നേതൃത്വത്തിനും സ്നേഹ സ്പർശം ചെയർമാൻ വിജയകുമാർ മേനോനെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു. സാംസ്കാരിക പൈതൃകത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയെ അടിവരയിടുന്നതിന്റെ ഭാഗമായി രോഹിത് ശ്യാമിൻ്റെ നേതൃത്വത്തിൽ നാഫോയുടെ ബാലികാ ബാലന്മാർ നടത്തിയ നാഫോ സിംഫണി ഗണേശ സ്തുതി അവതരിപ്പിക്കുകയും കേരള പിറവി ദിനത്തോടനുബന്ധിച്ചു് ഒരു ശ്രുതിമധുരമായ ഗാനം ആലപിക്കുകയും ചെയ്തു. NAFO ഗ്ലോബൽ കുവൈറ്റ് സമുദായ വികസനത്തിനും സാംസ്കാരികപ്രവർത്തനത്തിനും വേണ്ടിയുള്ള തങ്ങളുടെ സമർപ്പണം ഊട്ടിയുറപ്പിച്ചു്, പങ്കെടുത്ത എല്ലാ അംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും അഗാധമായ നന്ദി രേഖപ്പെടുത്തി 20-ാം വാർഷിക ആഘോഷത്തിനു സമാപനം കുറിച്ചു.