നാഫോ ഗ്ലോബൽ കുവൈറ്റ്‌    ബിസിനസ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു

0
24

 

 

കുവൈറ്റ്‌ സിറ്റി:

കുവൈറ്റിലെ പ്രമുഖ ഭാരതീയ സാമൂഹിക-സാംസ്‌കാരിക സംഘടനയായ നാഫോ ഗ്ലോബൽ കുവൈറ്റ്‌, ഈ വർഷത്തെ ബിസിനസ്‌ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ആണ് നാഫോ ഗ്ലോബൽ കുവൈറ്റിന്റെ  ബിസിനസ്‌ ലീഡർ അവാർഡിന് അർഹമാകുന്നത്. ഭവൻസ് മിഡിൽ ഈസ്റ്റ്‌ ചെയർമാൻ എൻ. കെ. രാമചന്ദ്രനാണ് നാഫോ ഗ്ലോബൽ എഡ്യൂക്കേഷൻ ലീഡർ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു പ്രമുഖൻ.

മികച്ച സംരംഭകനുള്ള ഒന്റെർപ്രണർഷിപ് അവാർഡ് പ്രമുഖ പ്രവാസി വ്യവസായി ക്യാപ്റ്റൻ ഫിഷർ ഫുഡ്സ്റ്റഫ് കമ്പനി മാനേജിങ് ഡയറക്ടർ മോഹൻദാസ് കിഴക്കേക്കും നാഫോ ഗ്ലോബൽ കോർപ്പറേറ്റ് ഐകോൺ പുരസ്കാരം ജസീറ എയർവേസ് സി ഇ. ഒ. രോഹിത് രാമചന്ദ്രനും നൽകും.

നവംബർ 4 വൈകുന്നേരം 5.30ന്, ഹവാല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ‘പ്രഗതി’ എന്ന നാഫോ ഗ്ലോബൽ കുവൈറ്റിന്റെ വർണാഭമായ 19-ആം വാർഷിക ആഘോഷ ചടങ്ങിൽ വച്ച് പുരസ്‌കാര സമർപ്പണം നടക്കും.

പുരസ്‌കാര സമർപ്പണത്തെ തുടർന്നു,   ‘പ്രഗതി ‘ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മനോഹരമായ സംഗീതനിശ, വാർഷിക ആഘോഷത്തിന്റെ മറ്റൊരു മുഖ്യ  ആകർഷണമായിരിക്കും.

പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട്  ശ്രദ്ധിക്കപ്പെട്ട, യൂട്യൂബ് സെൻസേഷൻ ആയ യുവഗായക പ്രതിഭ ഡോ. കെ. സ്. ഹരിശങ്കർ ആണ് പ്രഗതിയുടെ മുഖ്യ ഗായകൻ. ഒപ്പം മധുരതരമായ ആലാപനം കൊണ്ട് സംഗീതപ്രേമികളുടെ ഹരമായി മാറിയ, കേരള സംസ്ഥാന അവാർഡ്  ജേതാവായ നിത്യ മാമ്മനും വേദിയിൽ എത്തുന്നു.