ഹോളി അവധിക്ക് ശേഷം ഹിജാബ് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി. കർണാടകയിൽ പരീക്ഷ ആരംഭിക്കാനിരിക്കെ കേസ് ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ശരിഅത്ത് കമ്മിറ്റിയാണ് സുപ്രീംകോടതിയിൽ ആവശ്യം ഉന്നയിച്ചത്.സുപ്രീംകോടതി ഹോളി അവധികൾക്കായി അടക്കുകയാണെന്നും മാർച്ച് 13 ന് തുറക്കുമ്പോൾ കേസ് പരിഗണിക്കാമെന്നും അറിയിച്ചു. മാർച്ച് ഒമ്പത് മുതലാണ് കർണാടകയിൽ പരീക്ഷ ആരംഭിക്കുന്നത്. ഹിജാബ് ധരിക്കാതെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നാണ് സർക്കാർ കോളേജുകൾ അറിയിച്ചിരിക്കുന്നത്. അതിനാൽ കേസ് ഉടൻ പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഹോളി അവധിക്ക് ശേഷം കേസ് ഉടൻ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. എന്നാൽ പരീക്ഷകൾ മാർച്ച് ഒമ്പതിന് തുടങ്ങുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി. അവസാന ദിവസം വന്നാൽ എനിക്ക് എന്ത് ചെയ്യാനാകുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ മറുപടി.
ഹിജാബ് ധരിച്ച മുസ്ലീം വിദ്യാർത്ഥികളെ സർക്കാർ കോളേജുകളിൽ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിന് ഇടക്കാല നിർദ്ദേശം ആവശ്യപ്പെട്ട് ഫെബ്രുവരി 22 ന് അഭിഭാഷകൻ ഷദൻ ഫറസത്ത് രംഗത്ത് വന്നിരുന്നു. ഈ കേസ് ഞാൻ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അന്ന് ഉറപ്പ് നൽകിയിരുന്നു. മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ സർക്കാർ കോളേജുകളിൽ പരീക്ഷ നടക്കുന്നുണ്ടെന്ന് ചൂണ്ടികാണിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജനുവരി 23 ന് ഈ കേസ് ഉടൻ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിച്ചിരുന്നത്. സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് കർണാടക സർക്കാർ നിരോധിച്ചതോടെ നിരവധി മുസ്ലീം വിദ്യാർത്ഥികൾക്ക് സ്വകാര്യ കോളേജുകളിലേക്ക് മാറേണ്ടി വന്നിരുന്നു. എന്നാൽ സർക്കാർ കോളേജുകളിലാണ് പരീക്ഷ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് പരീക്ഷയ്ക്ക് ഹാജരാകാൻ ഹർജിക്കാർ അനുമതി തേടിയത്.