ഷാലിസ ധാമി; വ്യോമസേനയിലെ ആക്രമണ യൂണിറ്റിന് നേതൃത്വം നല്‍കുന്ന ആദ്യ വനിത

0
24

ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഷാലിസ ധാമി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പോരാട്ട യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫീസറായാണ് ഷാലിസ ധാമിയെ നിയമിച്ചത്. സേനയിലെ ആക്രമണ യൂണിറ്റിന് നേതൃത്വം നല്‍കുന്ന ആദ്യ വനിതയാണ് ഷാലിസ ധാമി.പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഷാലിസ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനിന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. 2003ലാണ് ഷാലിസ വ്യോമസേനയില്‍ എത്തുന്നത്. ഹെലികോപ്റ്റര്‍ പൈലറ്റായായിരുന്നു നിയമനം. 2005ല്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റും 2009ല്‍ സ്‌ക്വാഡ്രണ്‍ ലീഡറുമായി. ഹെലികോപ്റ്റര്‍ പറത്തുന്നതില്‍ 2800 മണിക്കൂറിന്റെ അനുഭവസമ്പത്തുണ്ട്. സേനയിലെ ആദ്യ വനിതാ ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടറുമാണ് ഷാലിസ. പടിഞ്ഞാറന്‍ മേഖലയിലെ ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ ഫ്‌ളൈറ്റ് കമാന്‍ഡറായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.