ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു

0
37

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വിട്ട ശേഷം രൂപികരിച്ച പഞ്ചാബ് ലോക് കോൺഗ്രസും ബിജെപിയിൽ ലയിച്ചു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അമരീന്ദർ സിംഗിനും ഒപ്പമുള്ളവർക്കും പാർട്ടി അംഗത്വം നൽകി. അമരീന്ദർ സിംഗിന്റെ മകൾ ജയ് ഇന്ദർ കൗറും ബിജെപിയിൽ ചേർന്നു. രാജ്യ താൽപ്പര്യത്തിന് മുൻഗണന നൽകുന്ന പാർട്ടിയിലാണ് ചേർന്നതെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. എകെ ആന്റെണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് സേനകൾക്ക് വേണ്ടി ഒരായുധവും വാങ്ങിയില്ലെന്ന് അമരീന്ദർ സിംഗ് കുറ്റപ്പെടുത്തി. ക്യാപ്റ്റന്റെ ചിന്ത എന്നും ബിജെപിയോട് ചേർന്ന് പോകുന്നതായിരുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. അംഗത്വം സ്വീകരിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായും അമരീന്ദർ സിംഗ് കൂടികാഴ്ച നടത്തി.