നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് നടത്തുന്ന പദയാത്ര രാജസ്ഥാനിൽ പുരോഗമിക്കുന്നു. അതേസമയം സച്ചിൻ പൈലറ്റിനെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് ഡൽഹിയിൽ യോഗം ചേരും. സംസ്ഥാന ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിംഗ് രൺധാവയാണ് യോഗം വിളിച്ചു ചേർത്തത്. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്തസാര, സഹഭാരവാഹികളായ ഖാസി മുഹമ്മദ് നിസാമുദ്ദീൻ, അമൃത ധവാൻ, വീരേന്ദ്ര റാത്തോഡ് എന്നിവരും യോഗത്തിൽ പങ്കെടുത്തേക്കും.
സച്ചിൻ പൈലറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടപടി സ്വീകരിക്കുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സച്ചിൻ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹവും ഇതിനോടകം പ്രചരിക്കുന്നുണ്ട്. സച്ചിൻ പൈലറ്റിന്റെ പദയാത്ര വ്യക്തിപരമായ യാത്രയാണെന്ന് ഗോവിന്ദ് സിംഗ് ദൊത്തസാരെ പറഞ്ഞിരുന്നു. പാർട്ടിയുടെ അറിവോടെ നടത്തുന്ന യാത്രയല്ലിത്. സച്ചിനെതിരെ നടപടിയെടുക്കണമോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഗോവിന്ദ് സിംഗ് ദൊത്തസാര വ്യക്തമാക്കിയിരുന്നു.