വമ്പിച്ച ഭൂരിപക്ഷത്തോടെ കർണാടകം പിടിച്ച് കോൺഗ്രസ്

0
24

കർണാടകത്തിൽ ബിജെപിയെ നിലംപരിശാക്കി കോൺഗ്രസ് അധികാരം നേടി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കക്ഷി നില;കോൺഗ്രസ് – 137ബിജെപി – 63 ജെഡിഎസ് – 20 മറ്റുള്ളവർ – 4
വോട്ടെണ്ണലിൻറെ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ രണ്ടാം ഘട്ടം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് കോൺഗ്രസ് മുന്നേറിയത്. സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോൺഗ്രസ് വൻ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. കർണാടകയിലെ ആകെയുള്ള ആറ് മേഖലകളിൽ അഞ്ചിടത്തും വ്യക്തമായ ലീഡ് കോൺഗ്രസിനാണ്. തീരദേശ കർണാടകയിൽ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. 43% വോട്ട് വിഹിതമാണ് കോൺഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോൺഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36% വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ വോട്ട് വിഹിതം 36% തന്നെയായിരുന്നു. എന്നാൽ വോട്ട് വിഹിതം ഇക്കുറി സീറ്റായി മാറിയില്ല. വോട്ടു വിഹിതത്തിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് ജെഡിഎസ്സിനാണ്. ജെഡിഎസ്സിന് കിട്ടിയത് 13.4% വോട്ടുകളാണ്. കഴിഞ്ഞ തവണത്തേ ആപേക്ഷിച്ച് 5% വോട്ടിൻറെ നഷ്ടമാണ് ജെഡിഎസ്സിന് ഉണ്ടായത്. കിങ് മേക്കറോ കിങ്ങോ ആകും എന്ന് വീമ്പിളക്കിയ ജെഡിഎസ്സിന് കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസിൻറെ ഉറച്ച മണ്ഡലമായ രാമനഗരയിൽ തോറ്റത് ദേവഗൗഡ കുടുംബത്തിന് തന്നെ തിരിച്ചടിയായി. ജെഡിഎസ്സിൻറെ പിന്തുണയോടെ ബാഗെപ്പള്ളി മണ്ഡലത്തിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയി.