അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയായേക്കും എന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ വിവരം ശിവകുമാറിനോട് സംസാരിക്കും എന്നാണ് വിവരം. ശിവകുമാറിനെ പിണക്കാതെ പൂര്‍ണമായും അനുനയിപ്പിച്ചുകൊണ്ടായിരിക്കും തീരുമാനമെടുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ശിവകുമാറിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി ഇടപെട്ടെന്നും വിവരമുണ്ട്. മുഖ്യമന്ത്രി പദം പങ്കിടുന്നത് അടക്കം ഉറപ്പുകള്‍ നല്‍കും. ആദ്യ ടേമില്‍ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക് വന്ന സാഹചര്യത്തിലാണ് തീരുമാനം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഷിംലയിലുള്ള സോണിയാ ഗാന്ധി വൈകാതെ ഡല്‍ഹിയിലെത്തിയേക്കും. ഇതിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക.