കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അന്തിമ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് തീരുമാനം. സിദ്ധരാമയെ മുഖ്യമന്ത്രിയാക്കാന്‍ നേതൃത്വത്തില്‍ ധാരണയായെന്ന് വിവരമുണ്ട്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. സോണിയ ഗാന്ധിയുടെ അനുമതി ലഭിക്കുന്നതിന് പിന്നാലെ പ്രഖ്യാപനം ഉണ്ടാകും. ആദ്യത്തെ രണ്ടുവര്‍ഷം സിദ്ധരാമയ്യയേയും പിന്നീടുള്ള മൂന്നുവര്‍ഷം ശിവകുമാറിനേയും മുഖ്യമന്ത്രി ആക്കാനാണ് ആലോചന. ഇതിന് പുറമേ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി പദവും ശിവകുമാറിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ശിവകുമാറിന്റെ പ്രധാന അനുയായികളെ മന്ത്രിയാക്കണമെന്ന ആവശ്യവും പരിഗണിക്കും. മുഖ്യമന്ത്രിയെ നിയമസഭാ കക്ഷി യോഗത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ധാരണ
ഇന്നലെ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരുമായി എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഇരുവരുടെയും അഭിപ്രായം ആരാഞ്ഞ ഖാര്‍ഗെ, ഹൈക്കമാന്റ് നിലപാട് അറിയിച്ചു. അതേസമയം ഹൈക്കമാന്റ് ഫോര്‍മുല ശിവകുമാര്‍ അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇന്ന് ബെംഗളൂരുവില്‍ നിയമസഭ കക്ഷി യോഗം വിളിക്കാനാണ് തീരുമാനം. ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ചിച്ച സാഹചര്യത്തിലാണ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നത്.