പ്രജ്ഞാനന്ദ ചെസ് വേൾഡ് കപ്പ് സെമിയിൽ; വിശ്വനാഥൻ ആനന്ദിനു ശേഷം സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

0
12

വേൾഡ് ചെസ് ചാംപ്യൻഷിപ്പിന്‍റെ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ ചെസ് പ്രതിഭ ആർ. പ്രജ്ഞാനന്ദ. ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിനു ശേഷം വേൾഡ് കപ് സെമിയിലേക്ക് പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പതിനെട്ടുകാരനായ പ്രജ്ഞാനന്ദ. ബഗുവിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ എരിഗേസി അർജുനെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്. സെമിയിൽ അമേരിക്കയുടെ ഫാബിയാനോ കാരുവാനയുമായായിരിക്കും പ്രജ്ഞാനന്ദ ഏറ്റുമുട്ടുക. ഇതോടെ 2024ലെ കാൻഡിഡേറ്റ്സ് ടൂർണമെന്‍റിൽ പ്രജ്ഞാനന്ദ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

ക്വാർട്ടർ ഫൈനലിൽ പൊരുതിയ ഇന്ത്യൻ താരങ്ങൾ 7 ഗെയിമുകളിൽ സമനില പിടിച്ചിരുന്നു. പിന്നീടാണ് പ്രജ്ഞാനന്ദ വിജയിയായി മാറിയത്. സന്തോഷമുണ്ടെന്ന് ഗെയിമിനു ശേഷം പ്രജ്ഞാനന്ദ് പ്രതികരിച്ചു. ക്വാർട്ടർ ഫൈനൽ എളുപ്പമായിരുന്നില്ല. വെള്ളക്കരുക്കളുമായി കളിച്ചു കയറുന്നത് തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. എന്നാൽ അർജുന് കറുപ്പും വെളുപ്പും കരുക്കൾ ഉപയോഗിച്ച് വിദഗ്ധമായി കളിക്കാൻ അറിയാമെന്നും പ്രജ്ഞാനന്ദ പറഞ്ഞു. മനസ് ശാന്തമാക്കി കളിക്കാനാണ് ശ്രമിച്ചത്. പ്രതിയോഗി ആരെന്നത് അലട്ടിയിരുന്നില്ലെന്നും കളിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രജ്ഞാനന്ദ. ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ് മാസ്റ്റർ ആണ് പ്രജ്ഞാനന്ദ. 2018 ജൂലൈയിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുമ്പോൾ 12 വയസ്സായിരുന്നു പ്രജ്ഞാനന്ദയുടെ പ്രായം