ബഹിരാകാശ പര്യവേഷണത്തിൽ പുതു ചരിത്രം കുറിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ-3. ഇതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ ചന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാന്‍ മാറി.
ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. 40 ദിവസം നീണ്ട കാത്തിരിപ്പിനാണ് ഇന്ന് ഫലം പ്രതീക്ഷിക്കുന്നത്. വൈകിട്ട് കൃത്യം 6.04 ഓടെ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പൂർത്തിയായി.
2019 സെപ്റ്റംബറിൽ ചന്ദ്രയാൻ-2 ലാൻഡിങ് ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ഇന്ത്യയുടെ ചാന്ദ്ര ദൗത്യമാണിത്. വൈകിട്ട് 5.47 മുതൽ ചന്ദ്രനിലേക്ക് ഇറങ്ങുന്നതിനുള്ള ജ്വലനം ആരംഭിച്ചു. മണിക്കൂറിൽ 3600 കി.മീ വേഗത്തിൽ ചന്ദ്രന്‍റെ അടുത്തെത്തിയപ്പോഴാണ് സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള നടപടികൾ ആരംഭിച്ചത്. 2 മണിക്കൂർ മുന്‍പു തന്നെ ലാന്‍ഡിങ്ങിനുള്ള തയാറെടുപ്പുകൾ പൂർത്തിയായിരുന്നു.
ചന്ദ്രയാൻ 3ന്‍റെ ലാൻഡിങ് പ്രക്രിയ നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി ഇസ്രൊ ശാസ്ത്രജ്ഞർക്കൊപ്പം കണ്ടു. ചന്ദ്രയാൻ 2ന്‍റെ ലാൻഡിങ്ങിനു സാക്ഷ്യം വഹിക്കാൻ മോദി ബംഗളൂരു ഇസ്രൊ കേന്ദ്രത്തിലെത്തിയിരുന്നു. അന്ന് ദൗത്യം അവസാന നിമിഷം പാളിയതോടെ നിരാശയിലായ ഇസ്രൊ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചശേഷമായിരുന്നു പ്രധാനമന്ത്രി മടങ്ങിയത്.