സ്വവർഗ ലൈംഗികത നഗരവരേണ്യ സങ്കൽപ്പം അല്ല: ചീഫ് ജസ്റ്റിസ്

0
11

സ്വവർഗ ലൈംഗികത വിഡ്ഢിത്തമോ നഗരവരേണ്യ സങ്കൽപ്പമോ അല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ വിധി പറയവേ പ്രത്യേക വിവാഹ നിയമത്തിലെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ മാത്രം അംഗീകരിക്കുന്ന സെക്ഷൻ 4 കോടതി റദ്ദാക്കി.

എന്നാൽ പ്രത്യേക വിവാഹ നിയമത്തിൽ പാർലമെന്‍റിന് തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷതയിൽ ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, ഹിം കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഹർജിയിൽ വിധി പറയുന്നത്.

ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നവർക്ക് വൈറ്റ് കോളർ ജോലി ചെയ്യുന്നവർക്കോ മാത്രം അവകാശപ്പെടാനാവുന്നതല്ല സ്വവർഗ ബന്ധം. ഗ്രാമത്തിൽ കാർഷിക ജോലി ചെയ്യുന്ന ഒരു സ്ത്രീയ്ക്കും സ്വവർഗ ബന്ധം അവകാശപ്പെടാനാകണം. സ്വവർഗരതി വിഡ്ഡിത്തമോ നഗരവരേണ്യമോ അല്ല. സ്വകാര്യത ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.

ക്വീർ ദമ്പതികൾ അടക്കമുള്ള അവിവാഹിതരായ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാൻ സാധിക്കും.
ലൈംഗിക വ്യക്തിത്വവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി ക്വീർ വ്യക്തികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കരുത്.