ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്നു കേസില്‍ തനിക്കെതിരെ നടപടി ഉണ്ടാകുന്നത് തടയാന്‍ നീക്കങ്ങളുമായി സമീര്‍ വാങ്കഡെ

0
15

ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്നു കേസില്‍ തനിക്കെതിരെ നടപടി ഉണ്ടാകുന്നത് തടയാന്‍ നീക്കങ്ങളുമായി സമീര്‍ വാങ്കഡെ. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡിജി ഗ്യാനേശ്വര്‍ സിംഗ് അന്വേഷണത്തിന്‍റെ പേരില്‍ തന്നെ അപമാനിച്ചെന്ന് ചൂണ്ടികാട്ടി വാങ്കഡെ എസ്‌സി കമ്മീഷനെ സമീപിച്ചു.

ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ വാങ്കഡെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്തുകൊണ്ട് ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് നടപടി. താന്‍ എസ്‌സി വിഭാഗത്തില്‍പ്പെട്ട ആളാണെന്നും ചോദ്യം ചെയ്യലിന്‍റെ പേരില്‍ തന്നെ വിളിച്ചു വരുത്തി അപമാനിച്ചെന്നുമാണ് പരാതി.

ഇയാളുടെ പരാതിയില്‍ തീരുമാനമാകുംവരെ വാങ്കഡെയ്‌ക്കെതിരെ നടപടിയുണ്ടാകരുതെന്ന് എസ്‌സി കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

കേസന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്നാണ് അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട്. വാങ്കഡെയ്‌ക്കെതിരെ എന്‍സിബിയിലെ ഉദ്യോഗസ്ഥര്‍ തന്നെ മൊഴി നല്‍കിയിരുന്നു. എട്ട് ഉദ്യോഗസ്ഥര്‍ കേസില്‍ സംശയാസ്പദമായ ഇടപെടല്‍ നടത്തിയെന്നാണ് കണ്ടെത്തല്‍.

ആര്യന്‍ഖാനും മറ്റ് അഞ്ച് പ്രതികള്‍ക്കുമെതിരെ തെളിവില്ലെന്നു കണ്ടെത്തി കോടതി വെറുതേ വിട്ടതിനു പിന്നാലെയാണ് എന്‍സിബി നിയോഗിച്ച വിജിലന്‍സ് സംഘത്തിന്‍റെ നിര്‍ണായക കണ്ടെത്തല്‍.