ഡല്‍ഹി : ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ പുനപരിശോധന ഹർജി സുപ്രീം കോടതി തള്ളി. പ്രതികളുടെ ശിക്ഷാ ഇളവ് പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിച്ച 2022 മെയ്13ലെ സുപ്രീം കോടതി വിധിക്കെതിരെ ആയിരുന്നു ബില്‍ക്കിസ് ബാനു ഹരജി നല്‍കിയത്. ജസ്റ്റിസുമാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
മഹാരാഷ്ട്രയിലായിരുന്നു കേസ് വിചാരണ എന്നതിനാല്‍ ഗുജറാത്ത് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ മോചനം സംബനധിച്ച തീരുമാനം എടുക്കാന്‍ സംസ്ഥാന സർക്കാറിന് അധികാരം ഇല്ലെന്നായിരുന്നു ബില്‍ക്കിസ് നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല, എന്നാല്‍ പ്രതികളെ ഗുജറാത്ത് സർക്കാർ വെറുതെ വിട്ടതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ റിട്ട ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.