ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം; മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

0
11

ഓണ്‍ലൈന്‍ ഗെയിമുകള്‍ വാതുവെപ്പുകൾ എന്നിവ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മാര്‍ഗരേഖയുടെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇതിന്മേൽ  പൊതുജനങ്ങള്‍ അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ അടുത്ത ആഴ്ച മുതല്‍ തേടും. അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

കുട്ടികളെയടക്കം വഴിതെറ്റിക്കുന്നു എന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രായപൂർത്തിയായവർക്ക് മാത്രം ഓൺലൈൻ ഗെയിം ഉപയോഗം പരിമിതപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഗെയിമുകളുടെ പേരില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കൂടി അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന നീക്കം.

ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഗെയിം കമ്പനികള്‍ക്ക് അംഗീകാരം നല്‍കാന്‍ സമിതിയെ രൂപീകരിക്കും. ഗെയിമിങിലൂടെ വാതുവെപ്പ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണം. ഗെയിമിംഗ് പ്ലാറ്റ്‌ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.