അദാനിക്ക് 4.17 ലക്ഷം കോടിയുടെ നഷ്ടം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ നഷ്ടം ഉയരുന്നു. ഇതുവരെ വിപണി മൂലധനത്തില്‍ 4.17 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ബാങ്ക് ഓഹരികളിലും വലിയ ഇടിവാണ് ഉണ്ടായത്. സെന്‍സെക്‌സ് 874 പോയിന്റും നിഫ്റ്റി 285 പോയിന്റും ഇടിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടത്. ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ് പി ഒ അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കമ്പനി ആരോപിക്കുന്നത്.വിപണി മൂലധനത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപ നഷ്ടപ്പെട്ടതോടെ ലോക കോടീശ്വരന്മാരുടെ ആദ്യ അഞ്ചിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഒരു ദിവസം കൊണ്ട് നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്