ഇന്ത്യയിൽ കുട്ടികൾക്ക് കൊവിഡ് 19 വാക്സിൻ നൽകേണ്ടെന്ന നിലപാടിൽ വിദഗ്ധ സമിതി

0
19

ഇന്ത്യയിൽ കുട്ടികൾക്ക് കൊവിഡ് 19 വാക്സിൻ നൽകേണ്ടെന്ന നിലപാടിൽ വിദഗ്ധ സമിതി. കണക്കുകളുടെ അടിസ്ഥാനത്തിൽ കുട്ടികള്‍ക്ക് വാക്സിൻ നൽകേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.കൊവിഡ് 19 സാഹചര്യത്തിലും കുട്ടികള്‍ സുരക്ഷിതരാണെന്നും കുട്ടികള്‍ക്ക് ഇപ്പോള്‍ വാക്സിൻ നൽകേണ്ട സാഹചര്യമില്ലെന്നും നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് അംഗം ഡോ. ജയപ്രകാശ് മുളിയിൽ പറഞ്ഞു. കുട്ടികള്‍ക്ക് വാക്സിൻ നല്‍കേണ്ട അത്യാവശ്യ സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളിൽ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് തീരെ കുറവാണെന്ന കാരണം മുൻനിര്‍ത്തിയാണ് വിദഗ്ധ സമിതിയുടെ തീരുമാനം.
12 വയസിൽ താഴെയുള്ള കുട്ടികളിൽ കൊവിഡ് 19 മൂലമുള്ള ഒരു മരണത്തിനു പോലും രാജ്യം സാക്ഷ്യം വഹിച്ചിട്ടില്ല. ക്യാൻസര്‍, രക്താര്‍ബുദം, മറ്റു രോഗങ്ങള്‍ എന്നിവയ്ക്ക് ചികിത്സയിലിരിക്കേ മരിച്ച കുട്ടികളിൽ കൊവിഡ് 19 സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ മരണങ്ങള്‍ക്കും കാരണം കൊവിഡ് 19 ആണെന്നു പറയാൻ കഴിയില്ല എന്നും ഡോ. ജയപ്രകാശ് പറഞ്ഞു. വെല്ലൂര്‍ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ജയപ്രകാശ് രാജ്യത്തെ മുതിര്‍ന്ന പകര്‍ച്ചവ്യാധി വിദഗ്ധരിൽ ഒരാളാണ്.