ഗുജറാത്ത് കലാപത്തിനിടെ അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെയാണ് വിട്ടയച്ചത്. 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് ഇവരെ വിട്ടയയ്‌ക്കാൻ സർക്കാർ തീരുമാനിച്ചത്.
2002 മർച്ച് മൂന്നിന് ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ദേവഗഡ് ബാരിയിലായിരുന്നു സംഭവം.
ബിൽക്കീസ് ബാനു 22 തവണ കൂട്ട ബലാസംഗത്തിനിരയായി. ഇവരുടെ മൂന്നു വയസുള്ള മകളെ കലാപകാരികൾ നിലത്തടിച്ച് കൊന്നു. ഒപ്പം കുടുംബത്തിലെ മറ്റുള്ളവരെയും കൊലപ്പെടുത്തി ബിൽക്കീസ് കാണേണ്ടിവന്നു.