ഡിജിറ്റൽ പാസ്‌പോർട്ട് യാഥാർത്ഥ്യമാകുന്നു. 2023 ആദ്യവാരത്തിൽ ഇ-പാസ്‌പോർട്ടുകൾ ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇ-ചിപ്പും മറ്റ് ഫീച്ചറുകളും ചേർത്ത് സുരക്ഷയും മെഷീൻ റീഡിംഗും ഉറപ്പാക്കിയായിരിക്കും ഈ പാസ്പോർട്ട് എന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി ഡോ.ഔസേഫ് സയിദ് വ്യക്തമാക്കി.ക്ലൗഡ് അധിഷ്ഠിത പാസ്പോർട്ട് വൈകാതെ തന്നെ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഇ-പാസ്‌പോർട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിനും നിയമപരമായ പിന്തുണ നൽകാനും ഡിജിറ്റൽ രൂപത്തിലുള്ള പാസ്‌പോർട്ടിനാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇ-പാസ്പോർട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പിലാകും വ്യക്തിയുടെ വിവരങ്ങൾ സൂക്ഷിക്കുക. ഇതു വഴി വ്യാജ പാസ്‌പോർട്ട് നിർമ്മിക്കുന്നത് തടയാനാകും. വിവരങ്ങൾ ചോർത്തുന്നതിൽ നിന്നും നിയന്ത്രണമേർപ്പെടുത്താനും കഴിയുമെന്ന് ചീഫ് പാസ്പോർട്ട് ഓഫീസറും ജോയിന്റ് സെക്രട്ടറിയുമായ ടി ആംസ്‌ട്രോംഗ് ചാങ്സൻ പറഞ്ഞു