ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതി തള്ളി

0
15

ബെംഗളുരു:  ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതി തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് മതപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

ഹിജാബ് ധരിച്ചതിനെ തുടർന്ന് ഉഡുപ്പി പിയു കോളജിൽ നിന്ന് പുറത്താക്കിയ ആറു വിദ്യാർഥിനികളാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹിജാബ് നിരോധനം മൗലികാവകാശത്തിന്റെ ലംഘനമെന്നാണ് വിദ്യാർഥികളുടെ വാദം .. 11 ദിവസമാണ് ഹരജിയിൽ വാദം നടന്നിരുന്നത്.

കേസിൽ വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങൾക്കും ആളുകൾ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

ഹിജാബ് വിലക്കി സംസ്ഥാനം ഉത്തരവിട്ടിട്ടില്ലെന്നും വിദ്യാലയ വികസന സമിതികൾക്കു തീരുമാനമെടുക്കാമെന്നാണു വ്യക്തമാക്കിയതെന്നുമാണ് കർണാടക സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്.  ക്യാംപസിൽ ഹിജാബ് ധരിക്കാമെന്നും ക്ലാസിൽ ഇരിക്കുമ്പോൾ പാടില്ലെന്നേ നിർദേശിച്ചിട്ടുള്ളൂ എന്നും കർണാടക സർക്കാർ നിലപാടറിയിച്ചിരുന്നു.