ഉക്രൈനില്‍ നിന്നും പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവു നല്‍കുമെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ വേണ്ടെന്ന് തീരുമാനിച്ചു. പഠന മികവിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിച്ച് ഡിഗ്രി നല്‍കകാനാണ് ഉക്രൈന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ അടുത്ത അക്കാദമിക് വര്‍ഷത്തേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹംഗറി, റുമാനിയ, ചെക്ക് കസാക്കിസ്ഥാന്‍, പോളണ്ട് എന്നീ രാജ്യങ്ങളിലെ മെഡിക്കല്‍ സിലബസും ഉക്രൈനിലെ സിലബസും സാമ്യമുള്ളതാണെന്നും പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠനം തുടരാന്‍ കഴിയും. ഇതിനായുള്ള സൗകര്യം ഒരുക്കുന്നതിന് രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഉക്രൈനിലെ സാധാരണക്കാരുടെ കൊലപാതകങ്ങളെ മന്ത്രി ശക്തമായി അപലപിച്ചു. ഇന്ത്യ ഒരു വശം തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അത് സമാധാനത്തിന്റെ വശമാണ്. അക്രമത്തിന് ഉടനടി അറുതി വരുത്തണം. സാധാരണക്കാരുടെ മരണം അങ്ങേയറ്റം ഗൗരവമുള്ള കാര്യമാണെന്നും, സ്വതന്ത്ര അന്വേഷണത്തിനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു.