കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുന്നു. ബിഹാറില്‍ പ്രതിഷേധത്തിനിടെ പരിക്കേറ്റ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസാരായില്‍ പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനില്‍ യാത്ര ചെയ്തിരുന്നയാളാണ് മരിച്ചത്. തീയിട്ടതിനെ തുടര്‍ന്ന് പുക ശ്വസിച്ച് കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.
പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ വിധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളടക്കം വിച്ഛേദിച്ചിരിക്കുകയാണ്. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബന്ദിന് പിന്തുണയും പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിലാണ് പ്രതിഷേധം വ്യാപിച്ചിരിക്കുന്നത്. പ്രതിഷേധം ഡല്‍ഹിയിലേക്ക് പടരാതിരിക്കാന്‍ രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രതയിലാണ് പൊലീസ്.