നാഷണൽ യൂത്ത് ലീഗ് പ്രവർത്തക സമിതി മാറ്റിവെച്ചു

പ്രൊഫ എപി അബ്ദുൽ വഹാബ് നടത്തുന്ന സമവായ ചർച്ചകൾക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് ഓഗസ്റ്റ് മൂന്നിന് നടത്താനിരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം മാറ്റി വെച്ചതായി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ശംസീർ കരുവൻതിരുത്തി അറിയിച്ചു. ഭൂരിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും വികാരത്തെ മാനിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുകയും, സംഘടനയിൽ കൂടിയാലോചനകൾ ഇല്ലാതെ ഒരു പക്ഷത്തിനു വേണ്ടി മാത്രമായി ചില നേതാക്കൾ രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നീട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ തന്നെ
ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു പരസ്യ പ്രതികരണങ്ങൾ നടത്തി. ഇതിനെ തുടർന്ന് സംസ്ഥാനത്തുടനീളം
സംഘടനക്കകത്തു ഭിന്നതകൾ രൂപപ്പെട്ടു. വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു.
14 ജില്ലകളിലെ ഭാരവാഹികൾ പങ്കെടുത്ത ഓൺലൈൻ മീറ്റിങ്ങിലാണ് നാളെ കോഴിക്കോട് യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഐഎൻഎലിലെ ഭിന്നതകൾ സമവായത്തിലൂടെ പരിഹരിക്കനാകുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന്
ഇടതുമുന്നണി കാന്തപുരം നേതാക്കളുമായും മന്ത്രി അഹമ്മദ് ദേവർകോവിലുമായും നടത്തിയ ചർച്ചകൾക്ക് ശേഷം എപി അബ്ദുൽ വഹാബ് പറഞ്ഞിരുന്നു.

ഇത്തരം സമവായ ശ്രമങ്ങൾക്ക് ശക്തി പകരണമെന്നും, തിരിച്ചടിയായേക്കാവുന്ന നീക്കങ്ങളൊന്നും തന്നെ ഉണ്ടാവാൻ പാടില്ലെന്നുമുള്ള ഭൂരിപക്ഷ അഭിപ്രായത്തെ തുടർന്നാണ് യോഗം മാറ്റി വെച്ചത്.പ്രശ്നപരിഹാരങ്ങൾക്കായി സമവായ ശ്രമങ്ങൾ തുടരുന്നതിനിടെ പ്രകോപനപരമായ നീക്കങ്ങളുമായി മുന്നോട്ടു പോവുന്നത് ഇടതുമുന്നണിയും കാന്തപുരം വിഭാഗവും നടത്തുന്ന സമവായശ്രമങ്ങളെ തുരങ്കം വെക്കാനാണ്. മുന്നണിയിൽ നിന്നും മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യുന്നതുൾപ്പെടെ ഗൗരവതരമായ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നതിനാൽ ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ നടത്തുന്നത് പ്രതിഷേധാർഹമാണ്. ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ഭൂരിപക്ഷം പ്രവർത്തകരും കാംഷിക്കുന്നതിനെ മുഖവിലക്കെടുത്ത് ഒറ്റകെട്ടായി പാർട്ടി മുന്നോട്ട് പോകണമെന്നും യോഗം ആവശ്യപ്പെട്ടു.

14 ജില്ലകളിലെ ഭാരവാഹികൾ ഉൾപ്പെടെ 40 അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ യോഗ തീരുമാനങ്ങൾ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.