അന്തരിച്ച നടൻ നെടുമുടി വേണുവിൻറെ സംസ്കാര ചടങ്ങുകൾ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു. അന്ത്യ കർമങ്ങൾ നിർവഹിച്ചത് മകൻ ഉണ്ണിയാണ്. അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എംബി രാജേഷ്, അടൂർ ഗോപാലകൃഷ്ണൺ തുടങ്ങി പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നെടുമുടി വേണുവിന്റെ അന്ത്യം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു. നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഇന്നലെ രാത്രി നെടുമുടി വേണുവിൻറെ വട്ടിയൂർക്കാവിലെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.
മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നെടുമുടി വേണുവിനെ തേടി രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുമെത്തി. എൺപതുകളിലെ പ്രതിഭകളായ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് സ്വദേശം. സിനിമയിലെത്തുന്നതിന് മുൻപ് പത്ര പ്രവർത്തകനായും അദ്ധ്യാപകനായും നാടക നടനായും പ്രവർത്തിച്ചിട്ടുണ്ട്.