ഗാർഹിക തൊഴിലാളി നിയമനം; തടസ്സം സൃഷ്ടിച്ച് എജൻസികൾ

0
26

കുവൈത്ത് സിറ്റി: കൂടുതൽ ഗാർഹിക തൊഴിലാളി നിയമിക്കുന്നതിനായി കുവൈറ്റ് മന്ത്രിസഭ അനുമതി നൽകിയിരുന്നു. എന്നാൽ റിക്രൂട്ട്മെന്റ് നടത്തേണ്ട വിദേശ എജൻസികളുടെ ഇഷ്ടസ്ഥലമല്ലാതായിരിക്കുകയാണ് കുവൈത്തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അയൽ രാജ്യങ്ങളിലേയ്ക്ക് ഇന്തോനേഷ്യ വീട്ട് ജോലിക്കാരെ അയച്ച് തുടങ്ങി. എന്നാൽ സ്പോൺസർഷിപ്പ് സംവിധാനത്തിലെ എതിർപ്പ് മൂലം കുവൈത്തിലേയ്ക്കുള്ള റിക്രൂട്ട്മെന്റിൽ നിന്ന് ഇന്തോനേഷ്യ വിട്ട് നിൽക്കുകയാണ്.

എത്യോപ്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റിനും എജൻസികൾക്ക് ചില എതിർപ്പുകൾ ഉണ്ട് . എത്യോപ്യയിൽ നിന്നുളള വീട്ട് ജോലിക്കാരെ പ്രത്യേക കേന്ദ്രങ്ങളിൽ രണ്ട് മാസത്തെ പരിശീലനം നൽകണം. ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ കഴിയണമെന്ന വ്യവസ്ഥയും കുവൈത്ത് മുന്നോട്ട് വെച്ചിട്ടുണ്ട്. വ്യവസ്ഥകൾ എത്യോപ്യ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ തീരുമാനത്തിലെ അവ്യക്തത കാരണം എജൻസികൾ റിക്രൂട്ട്മെന്റ് തുടങ്ങിയിട്ടില്ല. യാത്രാ നിരോധനം എർപ്പെടുത്തിയ രാജ്യങ്ങളിൽ എത്യോപ്യ ഉൾപ്പെട്ടിട്ടില്ല. ആയതിനാൽ എത്യോപ്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്തിയാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

അതേസമയം, മനിലയിലെ ഗാർഹിക തൊഴിലാളികളുടെ കയറ്റുമതി ഏജൻസികളുടെ ഫെഡറേഷൻ പുതിയ കരാറുകൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നടപ്പിലാക്കാൻ കുവൈത്തിലെ തങ്ങളുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതോടൊപ്പം ആറുമാസത്തെ പ്രൊബേഷൻ കാലയളവിൽ സ്പോൺസറും തൊഴിലാളിയും തമ്മിൽ പൊരുത്തക്കേട് ഉണ്ടായാൽ തൊഴിലാളികളെ തിരികെ യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ഫിലിപ്പൈൻ അധികൃതർ അഭ്യർത്ഥിച്ചു.