സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

0
21

വമ്പൻ വിജയങ്ങളുടെ പരമ്പരയിലൂടെ മലയാള വാണിജ്യ സിനിമയെ വഴി മാറ്റി നടത്തിയ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിലെ സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ന്യൂമോണിയയും കരൾ രോഗബാധയും മൂലം കഴിഞ്ഞ കുറച്ചു നാളുകളായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.

1954 ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായി ജനിച്ചു. കളമശേരി സെന്‍റ് പോള്‍സ് കോളേജിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: സാജിത. സുമയ്യ, സാറ, സുകൂണ്‍ എന്നിവരാണ് മക്കള്‍.

കൊച്ചിന്‍ കലാഭവനില്‍ മിമിക്രി കലാകാരന്മാരായി തിളങ്ങിയിരുന്ന ലാലും സിദ്ധിഖും ഫാസിലിന്‍റെ ശിക്ഷണത്തിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നു. ലാലുമായി ചേര്‍ന്ന് സിദ്ധിഖ് -ലാല്‍ എന്ന പേരില്‍ അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തു. 1989ല്‍ റിലീസ് ചെയ്ത റാംജിറാവു സ്പീക്കിങ് ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ സിനിമ.