കോഴിക്കോട്: കുവൈത്തിലെ ഏറ്റവും കൂടുതൽ അംഗബലമുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കുവൈത്ത് കേരള മുസ്ലീം അസോസിയേഷനും ആസ്റ്റര്‍ മിംസും സേവന പാതയില്‍ കൈകോര്‍ക്കുന്നു. കെ കെ എം എ യുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ പരിരക്ഷ കേരളത്തിലെ വിവിധ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലൂടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുവാനുള്ള സംവിധാനങ്ങള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചത് . കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്നതും ഭാവിയിൽ തുടങ്ങാൻ ഇരിക്കുന്നതുമായ എല്ലാ ആശുപത്രികളിലും ഈ സ്കീം ബാധകമായിരിക്കും.
ഡോക്ടര്‍മാരുടെ ഒ പി പരിശോധന മുതല്‍ ശസ്ത്രക്രിയകള്‍ വരെയുള്ള വിവിധങ്ങളായ മെഡിക്കല്‍ സേവനങ്ങളിൽ കെ കെ എം എ അംഗങ്ങൾക്കും, അവരുടെ കുടുംബത്തിനും ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഇതിനായി ഓരോ അംഗത്തിനും അവരുടെയും കുടുംബാംഗങ്ങളുടേയും വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രിവിലേജ് കാര്‍ഡ് നല്‍കപ്പെടും.
‘കുവൈത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന എന്ന നിലയില്‍ പൊതു സമൂഹത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് കെ കെ എം എ. ആസ്റ്ററുമായുള്ള സഹകരണത്തിലൂടെ ഈ ഇടപെടലുകള്‍ കൂടുതല്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കും എന്ന് മാത്രമല്ല കെ കെ എം എ യുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യപരമായ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ ലഭ്യമാക്കുവാനും ഇതുവഴി സഹായകരമാകുമെന്ന് മിംസ് ഡയറക്ടറും സി ഇ ഒ യുമായ ഫർഹാൻ യാസീൻ പറഞ്ഞു. സാധാരണക്കാരായ കെ കെ എം എ അംഗങ്ങൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് മുഖ്യ രക്ഷാധികാരി കെ സിദ്ദീഖ് പറഞ്ഞു.
ഇതുസംബന്ധമായ ധാരണാപത്രം കൈമാറൽ ചടങ്ങ് കണ്ണൂർ പ്രസ് ക്ലബ്ബിൽ വെച്ച് നടന്നു . മിംസിനെ പ്രതിനിധികരിച്ചു ഡയറക്ടറും സിഇഒ യുമായ ഫർഹാൻ യാസീൻ, സീനിയർ ഡോക്ടർ സെബാസ്റ്റ്യൻ എന്നിവരും കെ കെ എം യെ പ്രതിനിധികരിച്ചു കെ സിദ്ദിഖ് ,അക്ബർ സിദ്ദിഖ് ,എൻ എ മുനീർ , അബ്ദുൽ ഫതാഹ് തയ്യിൽ ,എ പി അബ്ദുൽ സലാം, കെ. ബഷീർ, റഷീദ് സംസം, മുനീർ കുണിയ എന്നിവരും സംബന്ധിച്ചു .
രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ വാർഷിക ദിനത്തിൽ തന്നെ ഈ ആനുകൂല്യം ലഭ്യമാക്കാനുള്ള പ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്.