തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് നൈറ്റ് കർഫ്യൂ. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം നടപ്പാക്കുക. കർഫ്യൂ സമയങ്ങളിൽ പൊതുഗതാഗത്തിനും ചരക്കുനീക്കത്തിനും തടസ്സമുണ്ടാകില്ല. അതേസമയം, ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. സിനിമ തിയേറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണി വരെയാക്കി കുറച്ചു.
സ്വകാര്യ ട്യൂഷൻ സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്താൻ മാത്രമാണ് അനുവാദമുള്ളത്. നാളെയും മറ്റനാളും 3 ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചു.
അവശ്യ സർവീസുകൾ ആയി പരിഗണിച്ച് മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ എല്ലാവർക്കും രാത്രി ഷിഫ്റ്റിലെ ജീവനക്കാർക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 9 മണിക്ക് ശേഷം ഹോട്ടലുകളിൽ നിന്നും പാർസൽ സർവീസ് അനുവദിക്കില്ല.