നിപ്പ; വ്യാപനം,നിർണ്ണയം, എങ്ങനെ തടയാം തുടങ്ങി അറിഞ്ഞിരിക്കേണ്ടതെല്ലാം

0
76

മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്നതാണ് നിപ വൈറസ്, പാരാമിക്സോ വൈറസ് എന്ന ഫാമിലിയിലും ഹെനിപാ വൈറസ് എന്ന ജീനസിലും ഉള്‍പ്പെടുന്നതാണ്. സ്റ്റെറോപസ് ജീനസ്സിലെ വലിയ പഴംതീനി വവ്വാലുകളാണ് ഇവയുടെ സ്വാഭാവിക വാഹകർ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരും. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം.വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗം പകരാം.

രോഗം എങ്ങനെ സ്ഥിരീകരിക്കും?

പ്രാരംഭ ഘട്ടത്തിൽ നിപ വൈറസ് അണുബാധയുടെ
ലക്ഷണങ്ങള്‍ അധികം വ്യക്തമായിരിക്കുകയില്ല, അതു കൊണ്ട് തന്നെ നിപ്പ വൈറസ് സംശയിക്കപ്പെടുന്നില്ല. കൃത്യവും, സമയബന്ധിതവുമായ രോഗ നിർണ്ണയം, ഫലപ്രദമാക അണുബാധ നിയന്ത്രണ നടപടികൾ സ്വീകരിച്ചെങ്കിൽ മാത്രമേ വ്യാപനം കഴിവതും വേഗത്തിൽ തടയാൻ സാധിക്കു.രോഗനിര്‍ണയത്തിന് അനുയോജ്യമായ സാംപിളുകള്‍ തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ എന്ന പരിശോധന ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. എന്നാൽ രോഗനിർണ്ണയം നടത്താൻ സമയമെടുക്കും എന്നതുകൊണ്ട് നിപാ വൈറസ് അണുബാധ സംശയിക്കപ്പെടുന്നവരെ പ്രത്യേകം പരിചരിക്കുകയാണ് ചെയ്യുക. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ, ശരീരകലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും. എൻ‌.ഐ‌.വി. അലപ്പുഴയാണ് കേരളത്തിലെ നിപ വൈറസ് പരിശോധനാ കേന്ദ്രം.

രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

നിപ്പ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് (അണുബാധ മുതൽ ലക്ഷണങ്ങളുടെ ആരംഭം വരെയുള്ള ഇടവേള) 4 മുതൽ 14 ദിവസം വരെയാണ്. എന്നിരുന്നാലും, ഇൻകുബേഷൻ കാലയളവ് 45 ദിവസം വരെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.രോഗം ബാധിച്ച ആളുകൾക്ക് തുടക്കത്തിൽ പനി, തലവേദന, പേശിവേദന, ഛർദ്ദി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. ഇതിനു ശേഷം, തലകറക്കം, മയക്കം, ബോധക്കേട് എന്നിവ സംഭവിക്കാം. ചില ആളുകൾക്ക് ന്യൂമോണിയയും കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം.
ഏകദേശം 20% രോഗികൾക്ക് ന്യൂറോളജിക്കൽ അനന്തരഫലങ്ങളും വ്യക്തിത്വ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ട്. പൊതുവേ, മരണനിരക്ക് 40-75% ആണ്; എന്നിരുന്നാലും, ഈ നിരക്ക് ഓരോ ഔട്ബ്രെകിലും വ്യത്യാസപ്പെടാം, ചിലപ്പോൾ ഇത് 100% വരെ ആകാം.

രോഗബാധ / വ്യാപനം എങ്ങനെ തടയാം?

രോഗിയുടെ ശരീരസ്രവങ്ങളിൽ നിന്ന് രോഗം പടരാമെന്നതിനാൽ രോഗിയെ പരിചരിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണം. ചികിത്സാസമയത്ത് മാസ്കും കൈയ്യുറയും ധരിക്കണം. ഒപ്പം രോഗിയുടെ സമീപത്തുനിന്നും ഒരു മീറ്ററെങ്കിലും മാറി നിൽക്കണം. രോഗി മരണപ്പെട്ടാൽ മൃതദേഹം കൈകാര്യം ചെയ്യുന്നവരും ശ്രദ്ധിക്കണം. രോഗിയെ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സോപ്പ് ഉപയോഗിച്ച് കൈകഴുകി വൃത്തിയാക്കണം.രോഗബാധിതരിൽ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേയ്ക്ക് രോഗം പടരുന്നത് അടുത്ത കാലത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് ചികിത്സ?’

നിപ വൈറസ് അണുബാധയ്ക്ക് പ്രത്യേകമായി മരുന്നുകളോ വാക്സിനുകളോ നിലവിൽ ഇല്ല. അതേസമയം, നിപാ വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ച് വരികയാണെന്ന് ലോകാരോഗ്യസംഘടന പറയുന്നുണ്ട്. റെസ്പിററ്റെറി അല്ലെങ്കില്‍, ന്യൂറോളജിക് സങ്കീർണതകൾ ചികിത്സിക്കാൻ തീവ്രമായ സഹായ പരിചരണം മാത്രമേ ശുപാർശ ചെയ്യുന്നുളളൂ. രോഗബാധ തടയുകയാണ് ഏറ്റവും ഫലപ്രദം.

നിപ്പ ചരിത്രം,

മലേഷ്യയിലും സിംഗപ്പൂരിലും ആണ് ആദ്യമായി വൻതോതിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1998 സെപ്റ്റംബർ മുതൽ 1999 മെയ് വരെയുള്ള കാലഘട്ടത്തില്‍ 276 കേസുകൾ അവിടെ റിപ്പോർട്ട് ചെയ്തു. 2001 ലും 2007ലുമായി ഇന്ത്യയിൽ പശ്ചിമബംഗാളിലും അയൽരാജ്യമായ ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മലേഷ്യയിലും പിന്നീട് സിംഗപ്പൂരിനെയും ബാധിച്ച നിപ്പ, രോഗമുള്ള പന്നികളുമായും മലിനമായ ടിഷ്യുകളുമായും മനുഷ്യൻ നേരിട്ട് സമ്പർക്കം പുലർത്തിയതിന്റെ ഫലമായിരുന്നു. അതായത്, പന്നികളിൽ നിന്നുള്ള സ്രവങ്ങളുമായി അല്ലെങ്കിൽ രോഗിയായ മൃഗത്തിന്റെ ടിഷ്യുവുമായി സുരക്ഷിതമല്ലാത്ത സമ്പർക്കം വഴിയാണ് സംക്രമണം നടന്നതെന്ന് കരുതുന്നു.പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ രോഗം പൊട്ടിപ്പുറപ്പെട്ട സമയത്ത്, 33 ആരോഗ്യ പ്രവർത്തകരും ആശുപത്രി സന്ദർശകരും നിപ രോഗികളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് രോഗബാധിതരായി.

കേരളത്തില്‍2018 മേയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് ബാധ ഉണ്ടായത്. പേരാമ്പ്രയില്‍ രോഗം പരത്തിയ ആദ്യരോഗിക്ക് ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലുള്ള അവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 18 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. 2019-ല്‍ എറാണാകുളത്തെ പറവൂരിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ നിപ പ്രതിരോധത്തില്‍ കേരളം മികച്ച മാതൃക സ്വീകരിച്ചു. പൊതുജനാരോഗ്യ രംഗത്ത് യു.എന്‍. അംഗീകാരംവരെ നേടിക്കൊടുത്ത മോഡലായി കേരളം മാറി.