സിപിഎം പ്രകടന പത്രിക പുറത്തിറക്കി

0
44

സുപ്രധാന വാഗ്ധാനങ്ങളുമായി സിപിഎം ലോക്സഭാ പ്രകടന പത്രിക. ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും സിഎഎ റദ്ദാക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണ പ്രകടന പത്രികയിലുള്ളത്. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ് സിപിഎമ്മിന്റെ പ്രധാന വാഗ്ദാനം. സംസ്ഥാനങ്ങളുടെ ഗവർണറെ തിരഞ്ഞെടുക്കാൻ അതത് മുഖ്യമന്ത്രിമാര്‍ ശുപാർശ ചെയ്യുന്ന സമിതിയെ നിയമിക്കുമെന്നും പ്രഖ്യാപനമുണ്ട്.

സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും പിബി അംഗങ്ങളും ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. സംസ്ഥാന ചെലവിൽ ഗവര്‍ണര്‍ കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം തടയും, ജിഡിപിയിൽ 6% വിദ്യാഭ്യാസത്തിന് നീക്കി വെക്കും, സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് നിയമം കൊണ്ടുവരും. യുഎപിഎയും കള്ളപ്പണ നിരോധന നിയമവും കിരാതമാണ്. ബിജെപിയേയും എൻഡിഎ സഖ്യ കക്ഷികളെയും തോൽപിക്കാൻ ആഹ്വാനം ചെയ്യും. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വർദ്ധിപ്പിക്കും. കേന്ദ്രത്തിൽ മതേതര സർക്കാരിനെ കൊണ്ടുവരും. തൊഴിലുറപ്പ് കൂലി ഇരട്ടിയാക്കും. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകി തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടന പത്രികയിലുണ്ട്.