കോവിഡ് 19: വ്യാജപ്രചരണം നടത്തുന്നവരോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് സർക്കാർ

0
15

കുവൈറ്റ്: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് കിംവദന്തികളും വ്യാജപ്രചരണങ്ങളും നടത്തുന്നവരോട് ഒരു ദയാദാക്ഷിണ്യവും ഉണ്ടാകില്ലെന്ന മുന്നറിയിപ്പുമായി കുവൈറ്റ് സർക്കാർ. രാജ്യത്തെ ജനങ്ങള്‍ക്കിടയിൽ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കുന്ന തരത്തിലുള്ള വാർത്തകൾ പടച്ച് പ്രചരിപ്പിച്ചാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് വാർത്തവിതരണവകുപ്പ് മന്ത്രി മുഹമ്മദ് അൽ ജാബ്രി അറിയിച്ചത്.

കോവിഡ് 19 സംബന്ധിച്ച വാർത്തകള്‍ക്ക് വിശ്വാസയോഗ്യമായ ഉറവിടങ്ങളെ തന്നെ ആശ്രയിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്ഥിതിഗതികൾ സാധാരണഗതിയിൽ തന്നെയാണ്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾക്ക് വേണം മാധ്യമങ്ങള്‍ പ്രാധാന്യം നൽകേണ്ടത്. അതുപോലെ തന്നെ ജനങ്ങളുടെ ആരോഗ്യത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയുള്ള വാർത്തകൾ വരാനും ശ്രദ്ധിക്കണമെന്നും അൽജാബ്രി വ്യക്തമാക്കി.

കുവൈറ്റിൽ നിലവില്‍ 80 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനായി രണ്ടാഴ്ചത്തെ പൊതുഅവധി അടക്കം കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.