ഡൽഹി: ഇന്ത്യൻ പാസ്പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗ്ഗം നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻ.ഒ.സി ആവശ്യമില്ല. നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ നിർബന്ധമായിരുന്ന എൻ.ഒ.സി, ഇമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാർക്കാണ് ഒഴിവാക്കിയതെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. 2021 ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻ.ഒ.സി ഒഴിവാക്കിയിരിക്കുന്നത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനതാവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സൗകര്യം ഒരുക്കും. അതേ സമയം പാസ്പോർട്ടല്ലാതെ മറ്റ് തിരിച്ചറിയൽ രേഖകളുമായി കരമാർഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിലെത്തുന്നവർക്ക് നേപ്പാളിലെ ഇന്ത്യൻ എംബസി അനുവദിക്കുന്ന എൻ.ഒ.സി തുടർന്നും ആവശ്യമാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് നിർത്തിവെച്ച രാജ്യങ്ങളിലേക്ക് പോകാൻ വിദേശകാര്യ മന്ത്രാലയം എടുത്ത തീരുമാനം പ്രയോജനകരമാകും.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവാസികൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം ഏറെ സഹായകരമാകും.