നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമം; അഞ്ച് പേർ കൊല്ലപ്പെട്ടു

0
26

കോങ്‌സ്ബര്‍ഗ്: നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കോങ്‌സ്ബര്‍ഗ് പട്ടണത്തിലെ സൂപ്പര്‍മാര്‍ക്കറ്റിൽ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. അക്രമിയെന്ന് സംശയിക്കുന്ന മുപ്പത്തേഴുക്കാരനായ ഡാനിഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്‌തു.

മൂര്‍ച്ചയേറിയ അമ്പുകള്‍ ആളുകളുടെ നെഞ്ചില്‍ എയ്ത് കൊള്ളിക്കുകയായിരുന്നു ആക്രമത്തിൻറെ രീതി. ഒരാള്‍ മാത്രമാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ഭീകരാക്രമണമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ഞെട്ടിക്കുന്ന സംഭവമാണെന്നും സമഗ്ര അന്വേഷണം ആരംഭിച്ചുവെന്നും നോര്‍വേ പ്രധാനമന്ത്രിയായ എര്‍ണാ സോള്‍ബെര്‍ഗ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതായും പൊലീസ് പറഞ്ഞു.